This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ബോണില്‍ യൗഗികങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ബോണില്‍ യൗഗികങ്ങള്‍

Carbonyl compounds

രണ്ടു ഹൈഡ്രജനുമായോ ഒരു ഹൈഡ്രജനും ഒരു കാര്‍ബണിക ഗ്രൂപ്പു (കാര്‍ബണും ഓക്‌സിജനും ചേര്‍ന്നുള്ള ദ്വിബന്ധത്തോടുകൂടിയ ഗ്രൂപ്പ്‌, >C=O) മായോ അല്ലെങ്കില്‍ രണ്ടു കാര്‍ബണിക ഗ്രൂപ്പുകളുമായോ സംയോജിക്കപ്പെട്ട സംയുക്തങ്ങള്‍, കാര്‍ബോണില്‍ ഗ്രൂപ്പ്‌, ഒരു ഹൈഡ്രജനെങ്കിലുമായി ബന്ധിക്കപ്പെട്ടിട്ടുള്ള യൗഗികങ്ങളെ ആല്‍ഡിഹൈഡുകള്‍ എന്നും രണ്ടു കാര്‍ബണിക ഗ്രൂപ്പുകളുമായി ബന്ധിക്കപ്പെട്ടിട്ടുള്ള സംയുക്തങ്ങളെ കീറ്റോണുകള്‍ എന്നും പറയുന്നു. അതുകൊണ്ട്‌ ആല്‍ഡിഹൈഡുകളില്‍ ആല്‍ഡിഹൈഡ്‌ ഗ്രൂപ്പും കീറ്റോണുകളില്‍ കീറ്റോണിക്‌ ഗ്രൂപ്പും ക്രിയാത്മക ഗ്രൂപ്പുകളായി ഉണ്ടായിരിക്കും.

ആല്‍ഡിഹൈഡ്‌ ആല്‍ഡി കീറ്റോണ്‍ കീറ്റോണിക്‌ ഗ്രൂപ്പ്‌ ഹൈഡ്‌ഗ്രൂപ്പ്‌ കാര്‍ബോക്‌സിലിക്‌ അമ്ലങ്ങള്‍, കാര്‍ബോക്‌സിലിക എസ്റ്ററുകള്‍, അമ്ല അമൈഡുകള്‍ എന്നിവയുടെ ഘടനാസൂത്രത്തിലും കാര്‍ബോണില്‍ ഗ്രൂപ്പ്‌ ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കിലും ആല്‍ഡിഹൈഡുകളെയും കീറ്റോണുകളെയും മാത്രമേ കാര്‍ബോണില്‍ സംയുക്തങ്ങള്‍ എന്നു പറയാറുള്ളൂ. ഇവയുടെ രാസപ്രക്രിയകള്‍ മറ്റുള്ളവയുടേതില്‍നിന്ന്‌ വിഭിന്നമാണ്‌. ആല്‍ഡിഹൈഡുകള്‍ അലിഫാറ്റിക വര്‍ഗത്തില്‍പ്പെട്ടതോ (ഉദാ. അസറ്റാല്‍ഡിഹൈഡ്‌, I) ആരോമാറ്റിക വര്‍ഗത്തില്‍പ്പെട്ടതോ (ഉദാ. ബെന്‍സാല്‍ഡിഹൈഡ്‌,

II) ആകാം. അലിഫാറ്റിക വര്‍ഗത്തില്‍പ്പെട്ട കീറ്റോണുകളിലുള്ള രണ്ട്‌ ആല്‍ക്കീന്‍ റാഡിക്കലുകളും ഒരേ തരത്തിലുള്ളതാകാം (ഉദാ. അസറ്റോണ്‍,

III); അതല്ലെങ്കില്‍ വ്യത്യസ്‌തതരത്തിലുള്ളതാകാം. (ഉദാ. എഥില്‍ മെഥില്‍ കീറ്റോണ്‍,

IV). ആരോമാറ്റിക കീറ്റോണുകളില്‍ കാര്‍ബോണില്‍ ഗ്രൂപ്പുമായി ബന്ധിക്കപ്പെട്ട രണ്ടു ഗ്രൂപ്പുകളും ആരോമാറ്റികമാകാം (ഉദാ. ബെന്‍സോഫിനോണ്‍,

V); അതല്ലെങ്കില്‍ ഒന്ന്‌ ആരോമാറ്റികവും മറ്റേത്‌ അലിഫാറ്റികവുമാകാം (ഉദാ. അസറ്റൊഫിനോണ്‍, VI):

ആലിഫാറ്റിക ആല്‍ഡിഹൈഡുകള്‍ പൊതുവേ ദുര്‍ഗന്ധമുള്ളവയാകുന്നു. കീറ്റോണുകള്‍ക്കും അരോമാറ്റിക ആല്‍ഡിഹൈഡുകള്‍ക്കും ഹൃദ്യമായ മണമാണുള്ളത്‌. അസറ്റോണ്‍, എഥില്‍ മെഥില്‍ കീറ്റോണ്‍ എന്നീ സംയുക്തങ്ങള്‍ വ്യവസായരംഗത്ത്‌ വളരെ പ്രധാനപ്പെട്ട ലായകങ്ങളായി ഉപയോഗിച്ചുവരുന്നു. ബെന്‍സാല്‍ഡിഹൈഡ്‌, അസറ്റൊഫിനോണ്‍ എന്നിവ സുഗന്ധവസ്‌തുക്കളുടെ നിര്‍മാണത്തിലും മറ്റും ഉപയോഗിക്കാറുണ്ട്‌. ഫോര്‍മാല്‍ഡിഹൈഡ്‌ അണുനാശിനിയായും; ബേക്കലൈറ്റ്‌, ചായങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ നിര്‍മാണത്തിലും ഉപയോഗിക്കുന്നു.

കാര്‍ബോണില്‍ ഗ്രൂപ്പ്‌ പൊതുവായി ഉള്ളതുകൊണ്ട്‌ നിര്‍മാണ രീതികളിലും രാസപ്രക്രിയകളിലും ആല്‍ഡിഹൈഡുകളും കീറ്റോണുകളും തമ്മില്‍ വളരെ സാമ്യമുണ്ട്‌. പ്രമറി ആല്‍ക്കഹോളുകള്‍ ഓക്‌സീകരിച്ച്‌ ആല്‍ഡിഹൈഡുകളും സെക്കന്‍ഡറി ആല്‍ക്കഹോളുകള്‍ ഓക്‌സീകരിച്ച്‌ കീറ്റോണുകളും ഉണ്ടാക്കാം.

കാര്‍ബോക്‌സിലിക്‌ അമ്ലങ്ങളുടെ കാത്സ്യം (അല്ലെങ്കില്‍ തോറിയം) ലവണങ്ങള്‍ ഉപയോഗിച്ചും കാര്‍ബോണില്‍ സംയുക്തങ്ങള്‍ നിര്‍മിക്കാം. ഫോര്‍മിക്‌ അമ്ലം ഒഴികെയുള്ള അമ്ലങ്ങളുടെ കാത്സ്യം ലവണങ്ങള്‍ കാത്സ്യം ഫോര്‍മേറ്റ്‌ ചേര്‍ത്തു ചൂടാക്കുമ്പോള്‍ ആല്‍ഡിഹൈഡും കാത്സ്യം ലവണങ്ങള്‍മാത്രം ചൂടാക്കുമ്പോള്‍ കീറ്റോണും കിട്ടുന്നു.

സാമ്യതയുള്ള ചില പ്രധാന രാസപ്രക്രിയകള്‍ താഴെ ചേര്‍ത്തിരിക്കുന്നു: സോഡിയം അമാല്‍ഗം തുടങ്ങിയ നിരോക്‌സീകാരികള്‍ ഉപയോഗിച്ച്‌ നിരോക്‌സീകരണം നടത്തിയാല്‍ ആല്‍ഡിഹൈഡില്‍നിന്ന്‌ പ്രമറി ആല്‍ക്കഹോളും കീറ്റോണില്‍നിന്ന്‌ സെക്കന്‍ഡറി ആല്‍ക്കഹോളും കിട്ടുന്നു:

ആല്‍ഡിഹൈഡുകളും കീറ്റോണുകളും റിഗ്‌നാര്‍ഡ്‌ റീയേജന്റുകളുമായി പ്രതിപ്രവര്‍ത്തിച്ച്‌ സങ്കലന സംയുക്തങ്ങള്‍ ഉണ്ടാക്കുന്നു. ഇവ ജലാപഘടനത്തിനു വിധേയമായി ബന്ധപ്പെട്ട ആല്‍ക്കഹോള്‍ ലഭിക്കുന്നു.

ഒരു കാര്‍ബോണില്‍ സംയുക്തം ഹൈഡ്രജന്‍ സയനൈഡുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ സയന്‍ഹൈഡ്രിന്‍ എന്ന സങ്കലന വ്യുത്‌പന്നവും, പൂരിത സോഡിയം ബൈസള്‍ഫേറ്റ്‌ ലായനിയുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ സോഡിയം ബൈസള്‍ഫേറ്റ്‌ സംയുക്തം എന്ന സങ്കലന വ്യുത്‌പന്നവും ഉണ്ടാകുന്നു:

ആല്‍ഡിഹൈഡുകളും കീറ്റോണുകളും ഹൈഡ്രാക്‌സില്‍ അമീന്‍, ഹൈഡ്രസീന്‍, ഫെനില്‍ ഹൈഡ്രസീന്‍, സെമികാര്‍ബസൈഡ്‌ എന്നിവയുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഓക്‌സീം, ഹൈഡ്രസോണ്‍, ഫെനില്‍ ഹൈഡ്രസോണ്‍, സെമികാര്‍ബസോണ്‍ എന്നീ സംഘനന വ്യുത്‌പന്നങ്ങള്‍ യഥാക്രമം ഉണ്ടാകുന്നു. ഈ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രായോഗിക രസതന്ത്രത്തില്‍ വളരെ പ്രാധാന്യമുണ്ട്‌.

ടോളന്‍സ്‌ അഭികാരകം, ഫെലിങ്‌ അഭികാരകം, ബെനഡിക്‌റ്റ്‌ അഭികാരകം തുടങ്ങിയ ശക്തികുറഞ്ഞ ഓക്‌സീകാരങ്ങളാല്‍ ആല്‍ഡിഹൈഡുകള്‍ എളുപ്പത്തില്‍ ഓക്‌സീകരിക്കപ്പെടുന്നു. എന്നാല്‍ കീറ്റോണുകള്‍ ഈ അഭികാരകങ്ങളാല്‍ ഓക്‌സീകരിക്കപ്പെടുന്നില്ല. ഇത്‌ ആല്‍ഡിഹൈഡുകളും കീറ്റോണുകളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസമാകുന്നു. തന്മാത്രാഭാരം കുറഞ്ഞ ആലിഫാറ്റിക ആല്‍ഡിഹൈഡുകളില്‍ പോളിമറീകരണം എളുപ്പത്തില്‍ നടക്കുന്നു. കീറ്റോണുകളില്‍ ഇത്‌ സാധ്യമല്ല. ആല്‍ക്കഹോളുമായി പ്രതിപ്രവര്‍ത്തിച്ച്‌ ആല്‍ഡിഹൈഡുകള്‍ അസറ്റാള്‍ (Acetal) രൂപീകരിക്കുന്നു. എന്നാല്‍ കീറ്റോണുകള്‍ അസറ്റാളുകള്‍ രൂപീകരിക്കുന്നില്ല. ഫോര്‍മാല്‍ഡിഹൈഡ്‌ ഒഴികെയുള്ള ആല്‍ഡിഹൈഡുകള്‍ അമോണിയയുമായി പ്രതിപ്രവര്‍ത്തിച്ച്‌ ആല്‍ഡിഹൈഡ്‌ അമോണിയയെന്ന സങ്കലനസംയുക്തം നല്‍കുമ്പോള്‍ കീറ്റോണുകള്‍ സങ്കീര്‍ണമായ കീറ്റോണിക്‌ അമീനുകള്‍ രൂപീകരിക്കുന്നു. ആല്‍ഡിഹൈഡുകള്‍ ഷിഫ്‌ റിയേജന്റിന്റെ പിങ്ക്‌ നിറം നിലനിര്‍ത്തുമ്പോള്‍ കീറ്റോണുകള്‍ ഷിഫ്‌ റിയേജന്റിന്റെ പിങ്ക്‌ നിറം നഷ്‌ടമാക്കുന്നു.

(ഡോ. പി.എസ്‌. രാമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍